സർഗവേദിയുടെ ചരിത്രം

സർഗവേദിയുടെ ചരിത്രം

കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരത്തിന്റെ ഹൃദയഭൂമിയായ ആലക്കോട് കാർഷിക വിളകൾക്ക് ശക്തമായ വളക്കൂറുള്ള മണ്ണാണെങ്കിലും, കലാ സാഹിത്യ സംസ്കാരിക കൂട്ടായ്മകൾക്ക് അത്രയൊന്നും വേരോട്ടം ഇവിടെയുണ്ടായിരുന്നില്ല . യശ: ശരീരനായ പി ആർ രാമവർമ്മ രാജയുടെ നേതൃത്വത്തിൽ നടന്നിരുന്ന അരംഗം ക്ഷേത്രോത്സവത്തിലും , വിവിധ ദേവാലയങ്ങളുടെ പെരുന്നാൾ ആഘോഷങ്ങളിലും , അംഗുലീ പരിമിതമായ ചില ക്ലബ്ബുകളുടെ വാർഷികങ്ങളിലും ഒതുങ്ങി നിന്നിരുന്നു ഇവിടുത്തെ സാംസ്കാരിക പ്രവർത്തനങ്ങൾ. കാലക്രമത്തിൽ കലാസമിതികൾ അപ്രത്യക്ഷമാവുകയും , ദേവാലയങ്ങളിലെ ആഘോഷങ്ങൾക്ക് സാംസ്കാരിക പരിപാടികൾക്ക് ഇടം ലഭിക്കാതെ വരികയും ചെയ്തപ്പോൾ മലയോരത്തെ സാംസ്കാരിക രംഗത്ത് ഒരു ശൂന്യത അനുഭവപ്പെട്ടു.

ഈ ശൂന്യതയിലേക്കാണ് ആലക്കോട് സർഗ്ഗവേദി പിറവി കൊണ്ടത് . കലാ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സമൃദ്ധമായ വിളവുണ്ടാക്കാൻ സാധിക്കുന്ന ഫലഭൂയിഷ്ഠമായ മണ്ണാണ് മലയോരത്തിന്റെത് എന്ന് തെളിയിക്കുന്നതായിരുന്നു സർഗ്ഗവേദിയുടെ പിൽക്കാല പ്രവർത്തനങ്ങൾ .സർഗ്ഗവേദിയുടെ ഒരു വ്യാഴവട്ടക്കാലത്തെ മൗലികവും , സർഗ്ഗാത്മകവുമായ ഇടപെടലുകളിലൂടെ ആലക്കോട് എന്ന മലയോര പട്ടണം കണ്ണൂരിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇടം നേടിക്കഴിഞ്ഞിരിക്കുന്നു .

മലയാളത്തിന്റെ പ്രശ്സ്ത എഴുത്തുകാരൻ എൻ പ്രഭാകരൻ മാഷിന്റെ നേത്യത്വത്തിൽ നടന്ന കേരളത്തിലെ ആദ്യത്തെ അനൗപചാരിക സാഹിത്യ പാഠശാല , പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വീട്ടുമുറ്റ ചർച്ചകൾ , വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ ,എഴുത്തുകാരൻ അംബികാസുതൻ മാങ്ങാടിനൊപ്പം സർഗ്ഗവേദി പ്രവർത്തകർ നടത്തിയ എൻമകജെ യാത്ര , എന്നിവ ആലക്കോട് സർഗ്ഗവേദിയുടേയും , അതിന്റെ സഹോദര സംഘടനയായ റീഡേർസ് ഫോറത്തിന്റേയും കൈയ്യൊപ്പ് ചാർത്തിയ സാംസ്കാരിക ഇടപെടലുകളായിരുന്നു .

പുസതക പ്രകാശനങ്ങൾ , പുസ്തക ചർച്ചകൾ , സാംസ്കാരിക യാത്രകൾ , അനുസ്മരണങ്ങൾ തുടങ്ങിയവ മലയോര മേഖലയിൽ ഒരു പുതിയ സാംസ്കാരികാവബോധം ഉണ്ടാക്കിയെടുക്കുന്നതിനുള്ള എളിയ പരിശ്രമങ്ങളാണ് .

എല്ലാ വിഭാഗീയതകൾക്കും അതീതമായി മനുഷ്യരുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തി ഒരു പൊതു ഇടം രൂപപ്പെടുത്തുന്നതിനാണ് സർഗ്ഗവേദിയും , റീഡേർസ് ഫോറവും അതിന്റെ വൈവിധ്യ പൂർണ്ണമായ പ്രവർത്തനങ്ങളിലൂടെ ശ്രമിച്ചു പോരുന്നത് .

2006 ലാണ് സർഗ്ഗവേദിയുടെ ബീജാവാപം നടന്നത് . അന്തരിച്ച പി.ടി. തങ്കപ്പൻ മാഷിന്റെ നേതൃത്വത്തിൽ ആയിരുന്നു സർഗ്ഗവേദി രൂപീകരണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടന്നത് . പി. ടി. തങ്കപ്പൻ മാസ്റ്റർ (രക്ഷാധികാരി ) പി . ജോസഫ് തോമസ് (പ്രസിഡന്റ്) പി.ജി. രാധാകൃഷ്ണൻ മാസ്റ്റർ ( വൈസ് പ്രസിഡന്റ് ) എ ആർ പ്രദീപ് ( സെക്രട്ടറി) കെ. സുരേഷ് കുമാർ ( ജോ. സെക്രട്ടറി ) കെ എ ബാബു (ട്രഷറർ ) എന്നിവരായിരുന്നു സംഘടനയുടെ പ്രഥമ ഭാരവാഹികൾ .

പ്രശസ്ത കവി ഡി. വിനയചന്ദ്രൻ വയലാർ അനുസ്മരണത്തോടെ സർഗ്ഗവേദിയുടെ ഔപചാരികമായ പ്രവർത്തനോത്ഘാടനം നടത്തി . തുടർന്ന് വിവിധ വർഷങ്ങളിലായി മലയാളത്തിലെ പ്രമുഖരായ സാഹിത്യ , സാംസ്കാരിക , മാധ്യമ പ്രവർത്തകർ സർഗ്ഗവേദി , റീഡേർസ് ഫോറം പരിപാടികളിൽ പങ്കാളികളായി .

ഒത്തുചേരലും , കൂട്ടായ്മയും ആയിരുന്നു ആദ്യ കാല കുടിയേറ്റ ജനതയുടെ ജീവിത മുദ്രകൾ . പിൽക്കാല കുടിയേറ്റം ഈ വഴിത്താരയിൽ നിന്ന് മാറി നടന്നപ്പോൾ, നമുക്ക് നഷ്ടമായത് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ആലക്കോട് സർഗ്ഗവേദിയും , റീഡേർസ് ഫോറവും . കലയും , സാഹിത്യവും , സംഗീതവും , സിനിമയും ഒക്കെ ഈ വീണ്ടെടുപ്പിന്റെ ആയുധങ്ങളാണ് .

മലയോരത്ത് പുതിയൊരു സാസ്കാരിക ജീവിതം കരുപ്പിടുപ്പിക്കുവാൻ ഞങ്ങൾ നടത്തുന്ന എളിയ ശ്രമങ്ങർക്ക് എല്ലാവരുടേയും പിന്തുണ വിനീതമായി അഭ്യർത്ഥിക്കുകയാണ് .

No comments:

Post a Comment