വീട്ടുമുറ്റ ചർച്ച 2019 ഫെബ്രുവരി 10




ഇന്നലെ വളരെ വ്യത്യസ്തമായ ഒരു പരിപാടിയിൽ പങ്കെടുത്തു.ആലക്കോട് (കണ്ണൂർ ജില്ല ) സർഗവേദി റീഡേഴ്സ് ഫോറം സംഘടിപ്പിച്ച വീട്ടുമുറ്റ ചർച്ച." കൂടിയേറ്റ മണ്ണിലെ എഴുത്തും ജീവിതവും " എന്ന വിഷയത്തെപ്പറ്റി ഞാൻ സംസാരിച്ചു.തുടർന്നു ചർച്ചയുമുണ്ടായിരുന്നു. ചർച്ചയാണ് കൂടുതൽ ഹൃദ്യമായി എനിക്ക തോന്നിയത്. ഞാൻ പഠിച്ച ആലക്കോടു ഹൈസ്കൂളിൽ എന്റെ സഹപാഠിയായിരുന്ന സക്കറിയാസ് കുളമാൻകുഴി യായിരുന്നു അധ്യക്ഷൻ.പ്രസാദ് മാസ്റ്റർ, സി.ജെ ഔസേപ്പ് എന്നിവരെയും വേദിയിൽ കാണാം.കെ.ജെ. സ്റ്റീഫൻ മാസ്റ്ററുടെ വീട്ടുമുറ്റത്തായിരുന്നു പരിപാടി.ജന പങ്കാളിത്തം കൊണ്ടും സജീവമായ ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായ ഒരു പരിപാടി. ഒരു കുടിയേറ്റ ഗ്രാമത്തിൽ ഇത്തരം പരിപാടികൾ നിരന്തരം സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന സർഗവേദിയുടെ പ്രവർത്തകർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
ആലക്കോടു സ്കൂളിൽ എന്റെ മലയാളം അധ്യാപകനായിരുന്ന ഗോപാലകൃഷ്ണൻ മാസ്റ്റർ പരിപാടിക്കു വരുമെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അദ്ദേഹം ഒരു അടിയന്തര കാര്യത്തിന് ആലപ്പുഴയിലായിരുന്നു .അദ്ദേഹം അൻപതു വർഷം മുൻപ് എഴുതിയ ഒരു കവിത ഞാൻ ചൊല്ലി:
"വക്ര ക്രൂരമാം നഖം
ആഴത്തിൽ പതിയുന്നൂ
ചെന്നിണം ചിന്തിക്കൊ-
ണ്ടോരോ പരമാണുവും പിടയുന്നു
ഭീകരാട്ടഹാസം പോൽ ചിറകിട്ടടിച്ചെങ്ങോ
വിദൂരതയിലേക്കെന്നെ
കൊണ്ടു പോകുന്നൂ കാലം
ഇവിടെത്തി നിൽക്കുന്നൂ
മിഴി തുറക്കുമ്പോൾ
എന്തൊരു നിദാഘം
ഇക്കാറ്റിനെന്തൊരു ചൂട്!
ഒരില പോലുമില്ലല്ലോ
ഒരിറ്റു തണലേകുവാൻ!
ഈ ക്രൂര നഖപംക്തിയിൽ
കോർത്തിട്ടോരിരയായി
എത്ര നേരമായ്ക്കിടക്കുന്നൂ
ഓർമിക്കാൻ ശ്രമിക്കവേ
സ്മൃതി മങ്ങുന്നൂ
മരവിപ്പോലുന്നൂ സിരകളിൽ .
( കാലം എന്നു പേരിട്ടിരുന്ന ഈ കവിത ഈയിടെ ഞാൻ ഗോപാലകൃഷ്ണൻ മാസ്റ്ററെ ഫോണിലൂടെ ചൊല്ലിക്കേൾപ്പിച്ചിരുന്നു. അദ്ദേഹത്തിന് അക്കവിത തീരെ ഓർമയുണ്ടായിരുന്നില്ല. ഞാൻ നടത്തിയിരുന്ന ഒരു കയ്യെഴുത്തുമാസികയ്ക്ക് തന്നതായിരുന്നു അത്.)


- കെ വി  തോമസ് 

https://www.facebook.com/pgnsreevilas/videos/2208595849204474/




No comments:

Post a Comment